കൊച്ചി: സംസ്ഥാനത്ത് ക്രമസമാധാന നില താറുമാറായെന്നും അധികാരത്തിന്റെ ഇടനാഴിയിലുള്ളവര്‍ തിരഞ്ഞെടുപ്പു കളിയില്‍ മുഴുകിയിരിക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി മതപണ്ഡിതനായ റഹീം പൂക്കുടശ്ശേരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി. രാംകുമാറിന്റെ രൂക്ഷമായ വിമര്‍ശനം. "പോലീസ് സേന ഉഗ്രരോഷമുള്ളവരും കൊടുംഭീതി ഉളവാക്കുന്നവരുമായിത്തീര്‍ന്നു. ഇവര്‍ക്കുമുന്നില്‍ സാധാരണ മനുഷ്യര്‍ സഹായത്തിനായി വിറയലോടെ കെഞ്ചി പ്രാര്‍ത്ഥിക്കുകയാണ്'', ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. ഈ കേസില്‍ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലം ക്രൂരരായ ക്രിമിനലുകളെ കൈനിറയെ സംഭാവന ചെയ്തിട്ടുണ്ട്. തീവ്രവാദ ബന്ധമുള്ളവരാണ് കേസിലെ പ്രതികളെന്ന് അന്വേഷണ രേഖകള്‍ വെളിപ്പെടുത്തുന്നതായി ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭയാനകമായ രീതിയില്‍ ഭീകരവാദം അതിന്റെ വികൃതമുഖം തുറന്നുകാട്ടുന്നുണ്ട്. ഇത് രാജ്യത്തിന്റെ സുസ്ഥിരത തകര്‍ക്കും. ഇക്കാര്യം കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ല, ഹൈക്കോടതി വ്യക്തമാക്കി. കോടതിക്കു മുമ്പാകെ വരുന്ന കേസുകളില്‍ മാരകായുധങ്ങളായ വാള്‍, നാടന്‍ബോംബുകള്‍ തുടങ്ങിയവ ഹൃദയശൂന്യര്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കുനേരെ ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചുവരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ആരാണ് മാരകായുധങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും ശേഖരിക്കുന്നതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിരോധമുള്ളവര്‍ എതിരാളികളെ നിശബ്ദരാക്കാന്‍ പ്രൊഫഷണല്‍ ഗുണ്ടകളെ വാടകയ്ക്കെടുക്കുന്നു. തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ കൊലപാതകം തൊഴിലാക്കുന്നു. ക്വട്ടേഷന്‍ സംഘത്തില്‍പ്പെടുന്ന ഇക്കൂട്ടര്‍ക്ക് പ്രതിഫലവും ലഭിക്കുന്നു. പിടിച്ചുപറിക്കാരെയും മറ്റും ഭയന്ന് തിരക്കുള്ള റോഡുകളിലൂടെയും പൊതുവഴിയിലൂടെയും നടന്നുപോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല. ദേശീയ പാതകളിലെ മോഷണവും വര്‍ദ്ധിച്ചു. എന്നാല്‍ ഇത്തരം പരാതികളുമായി പൊലീസിനെ സമീപിക്കാന്‍ സാധാരണക്കാര്‍ ഭയക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളും മറ്റും നിയന്ത്രണാതീതമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാരകായുധങ്ങള്‍ നിര്‍മ്മിക്കുകയും ശേഖരിക്കുകയും ചെയ്യുന്നതിന്റെ ഉറവിടം പുറത്തുകൊണ്ടുവരുന്നതിനു അന്വേഷണം നടത്തിയതിന്റെ വിശദാംശങ്ങള്‍ വിളിച്ചുവരുത്താന്‍ നിര്‍ബന്ധിതമായേക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യക്തികള്‍, സംഘടന എന്നിവരാണോ ഇവ ശേഖരിക്കുന്നത്, പ്രൊഫഷണലായ ആള്‍ക്കാരെ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍, കൂലിക്കോ വാടകയ്ക്കോ ആളുകളെ സേവനത്തിനു നല്‍കുന്നവര്‍ തുടങ്ങിയവരെ നിയന്ത്രിക്കാന്‍ എന്തു നടപടി സ്വീകരിച്ചുവെന്നും പരിശോധിക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നല്‍കി. പള്ളികളും മറ്റും കേന്ദ്രീകരിച്ച് മതപഠനം നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേസിലെ കുറ്റവാളികളടക്കം 15 പേരാണ് റഹീംപൂക്കുടശ്ശേരി വധശ്രമക്കേസിലെ പ്രതികള്‍. 13-ാം പ്രതി കളമശ്ശേരി പുത്തലത്തു വീട്ടില്‍ പ്രശാന്ത്കുമാര്‍, 14-ാം പ്രതി ആലുവ പൂക്കാട്ടുപടി നെല്ലിക്കാത്തുകുഴി അലിയാറുടെ മകന്‍ ഇസ്മായില്‍, 15-ാം പ്രതി പെരുമ്പാവൂര്‍ റയോണ്‍പുരം മുക്കട വീട്ടില്‍ ഇബ്രാഹിം എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 2008 ജനുവരി 10നാണ് ഇടച്ചിറ ബ്രഹ്മപുരം റോഡില്‍ ഇന്‍ഫോപാര്‍ക്കിനു സമീപത്തുവച്ച് കോട്ടയം അയര്‍ക്കുന്നം പഞ്ചായത്തിനു സമീപം പൂക്കടശ്ശേരി സ്പിരിച്ച്വല്‍ പാലസ് എന്ന മതസ്ഥാപനം നടത്തുന്ന അബ്ദുള്‍ റഹീം എന്ന റഹീം പുക്കുടശ്ശേരിയെ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ദൈവത്തിനു മതമില്ലായെന്നും തീവ്രവാദത്തിനെതിരായും പ്രവര്‍ത്തിക്കുന്ന മതസ്ഥാപനമാണിത്. മുസ്ളീം തീവ്രവാദികള്‍ ഈ പ്രസ്ഥാനത്തിനു എതിരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസിന്റെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. |
Wednesday, March 25, 2009
ക്രമസമാധാനം തകര്‍ന്നു:
Subscribe to:
Post Comments (Atom)
No comments:
Post a Comment