Thursday, April 9, 2009

ശബരീശ്വരന് പമ്പയില്‍ ആറാട്ട്

ശബരിമല : ഭക്തസഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണാരവങ്ങള്‍ക്കിടെ ശബരിഗിരിനാഥന്‍ ശനീശ്വരനയ്യപ്പന്‍  പുണ്യപമ്പയില്‍ ആറാടി. ശ്രീധര്‍മ്മശാസ്താവ് പള്ളിനീരാട്ട് നടത്തിയപ്പോള്‍ ഭക്തസഹസ്രങ്ങള്‍ പമ്പയില്‍ മുങ്ങി സുകൃതം നേടി. ഇന്നലെ ആറാട്ടുകഴിഞ്ഞ് വൈകിട്ട് നാലു മണിയോടെ  പമ്പയില്‍

നിന്നും തിരിച്ചെഴുന്നെള്ളത്ത് ആരംഭിച്ചു. രാത്രി ഏഴു മണിയോടെ ശബരീശന്‍ സന്നിധാനത്തെത്തിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയിറക്കി. ഇതോടെ പത്തുദിവസം നീണ്ടുനിന്ന തിരുവുത്സവത്തിന് സമാപ്തിയായി.

  ആറാട്ടിന് ശേഷം വൈകിട്ട് നാല് മണിയോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നെള്ളത്ത് ആരംഭിച്ചു. വൈകുന്നേരത്തോടെ എഴുന്നെള്ളത്ത് സന്നിധാനത്തെത്തി. തുടര്‍ന്ന് കൊടിയിറക്കി. തിടമ്പില്‍ നിന്നും മാറ്റിയ ശീവേലി വിഗ്രഹത്തിലേക്ക് കൊടിക്കൂറയിലെ ദേവചൈതന്യത്തെ ആവാഹിച്ച ശേഷം വിഗ്രഹം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി ദേവചൈതന്യത്തെ മൂലബിംബത്തിലേക്ക് ആവാഹിച്ചു. തുടര്‍ന്ന് കലശവും ഉച്ചപൂജയും ദീപാരാധനയും അത്താഴപൂജയും നടന്നു. പിന്നീട് ഹരിവരാസനംപാടി നടയടച്ചതോടെ പത്തുദിവസം നീണ്ടുനിന്ന ആറാട്ടുത്സവത്തിന് പരിസമാപ്തിയായി.

  ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അയ്യപ്പസ്വാമി ആറാട്ടിനായി പമ്പയിലേക്ക് എഴുന്നെള്ളിയത്. രാവിലെ തന്ത്രി കണ്ഠരര് രാജീവരര് മൂലബിംബത്തില്‍ നിന്നും ദേവചൈതന്യത്തെ ശീവേലി വിഗ്രഹത്തിലേക്ക് ആവാഹിച്ച് ആറാട്ടിനായി ശ്രീകോവിലില്‍ നിന്നും പുറത്തിറങ്ങി. പാണികൊട്ടി ശ്രീകോവിലിന് പ്രദക്ഷിണംവെച്ച് തന്ത്രി ആറാട്ടുബലിതൂകി. തുടര്‍ന്ന് മേല്‍ശാന്തി എന്‍.വിഷ്ണുനമ്പൂതിരി കൊടിമരച്ചുവട്ടില്‍ ശീവേലിവിഗ്രഹം തിടമ്പിലുറപ്പിച്ചു. പിന്നെ പതിനെട്ടാംപടിയിറങ്ങി നെറ്റിപ്പട്ടംകെട്ടി നിന്ന കൊടുമണ്‍ മുരുകന്റെ മസ്തകത്തില്‍ തിടമ്പേറ്റി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആറാട്ടിനായി പമ്പയിലേക്ക് പുറപ്പെട്ടു. 10.30 ഓടെ ആറാട്ടെഴുന്നെള്ളിപ്പ് പമ്പ ഗണപതിക്കോവിലിലെത്തി. അവിടെ ഇറക്കിവെച്ച് പൂജനടത്തി തിടമ്പില്‍ നിന്നും വിഗ്രഹമെടുത്ത് തന്ത്രിയും മേല്‍ശാന്തിയും പരികര്‍മ്മികളുമായി പമ്പാനദിയില്‍ പ്രത്യേകം തയ്യാറാക്കിയ ആറാട്ടുകടവിലേക്കെഴുന്നെള്ളിച്ചു. ആറാട്ടുകടവില്‍ പീഠമിട്ട് അതില്‍ വിഗ്രഹംവെച്ച് തന്ത്രി ആറാട്ടുപൂജ നടത്തി. ആറാട്ടുപൂജയുടെ സ്നാനഘട്ടത്തില്‍ തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി എന്‍.വിഷ്ണുനമ്പൂതിരിയും ചേര്‍ന്ന് വിഗ്രഹവുമേന്തി പമ്പയില്‍ മുങ്ങിനിവര്‍ന്നു. തുടര്‍ന്ന് വീണ്ടും പീഠത്തില്‍വെച്ച് പൂജനടത്തി. എണ്ണയും മഞ്ഞളും ഇളനീരുമാടി ശംഖാഭിഷേകവും കഴിഞ്ഞ് ശുദ്ധിയാക്കിയ അയ്യപ്പവിഗ്രഹവുമായി തന്ത്രിയും മേല്‍ശാന്തിയും മൂന്നുതവണ മുങ്ങിനിവര്‍ന്നു. തുടര്‍ന്ന് കടവില്‍വെച്ചുതന്നെ ശബരീശന് നേദ്യവും, പ്രസന്നപൂജയും കഴിച്ച് പാണികൊട്ടി ഗണപതിക്കോവിലിലേക്ക് ആനയിച്ചു. ഗണപതിക്കോവിലില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത പീഠത്തില്‍ എഴുന്നെള്ളിച്ചിരുത്തിയ അയ്യപ്പസ്വാമിക്ക് മുമ്പില്‍ നൂറുകണക്കിന് ഭക്തര്‍ പറവഴിപാട് സമര്‍പ്പിച്ച് സായൂജ്യംനേടി.

No comments:

Post a Comment